2013 മേയ് 22, ബുധനാഴ്‌ച

ശിലാ ദുഃഖം

ശിലാ ദുഃഖം
**************
ശിലായുഗത്തിലെ
നിമിഷാര്‍ധങ്ങളിലെങ്ങോ
തുടങ്ങിയതാണ്‌
ഈ തപസ് .........

മൌനമുറങ്ങുന്ന
താഴ്വാരങ്ങളിലെ
ദേവദാരു പ്പൂക്കളോട്
പരിഭവം പറഞ്ഞെത്തിയ
വായാടിക്കാറ്റ്
ഒരു നുള്ള് പൂമണം തരാതെ പോയത്
അറിഞ്ഞിട്ടും അറിയാതെ ..
ഋതു കന്യകമാര്‍
നേദിച്ച് പോയ
പൂക്കള്‍ കാല്‍ച്ചുവട്ടില്‍
വീണുകിടക്കുന്നത് കണ്ടിട്ടും കാണാതെ .......

കാവല്‍ക്കാരില്ലാത്ത
ദേശത്തുനിന്നും
കണ്ണില്‍ കൌശലവും
കരളില്‍ കവിതയും നിറച്ച്
ദേവസാന്നിധ്യമുള്ളകരങ്ങളു മായെത്തുന്ന
ശില്‍പ്പിയുടെ സ്പര്‍ശപുളകത്തില്‍
ലയിക്കാന്‍ ..............

ധ്യാനിക്കുന്ന ചിരിക്കുന്ന കരയുന്ന
എണ്ണമറ്റ ബുദ്ധന്മാരും
സാലഭന്ജികകളും
മൌനം കുടിച്ച് വറ്റിച്ച്
ഞങ്ങളിലുറങ്ങുന്നു ...

ശില്പജന്മം കൊതിച്ച
എത്രയെത്ര ശിലകള്‍
ചവിട്ടിക്കുതിച്ചു
കടന്നു പോയ കാലപുരുഷന്‍റെ
പാദങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന്
പൊടിഞ്ഞു പൊടിഞ്ഞ്
കല്ലായ്‌ മണ്ണായ്
തരിയായ് പിന്നെ ധൂളികളായ്
കാറ്റിന്‍റെ പടവുകള്‍ കയറി
ശൂന്യതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു .....

വലംവച്ച് പോകുന്ന
കാറ്റിലെങ്ങാനുമൊരു
ഉളിയുടെ പൊട്ടിച്ചിരി
ഒളിച്ചിരിക്കുന്നുണ്ടോ ..............

ഗണപതയേ നമ :

ഗണപതയേ നമ :
_____________
അമ്മയെപ്പോലെ
അളവറ്റ സ്നേഹം തരാന്‍
അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന
തിരിച്ചറിവിന്റെ പാതകളില്‍ വച്ചാണ്
ഞാനവയെ സ്നേഹിച്ചു തുടങ്ങിയത് ...

കൊക്കൂണിന്‍റെ
മഹാമൌനത്തിന്‍റെ
പൊരുള്‍ ചൊല്ലുന്ന
ചിത്രശലഭങ്ങളുടെ
മാസ്മരികതയോടെ
അക്ഷരങ്ങള്‍
മുന്നില്‍ നൃത്തം ചെയ്യുമ്പോള്‍
കരള്‍ പൊള്ളിക്കുന്ന ചിന്തകള്‍
അകലങ്ങളില്‍ പതുങ്ങും ......

അക്ഷരപ്പച്ചയുടെ കുളിരില്‍
മുങ്ങി നിവരുമ്പോഴൊക്കെ
മഴയെ അളവില്ലാതെ
അനുഭവിക്കുന്ന
മരങ്ങളുടെ നിര്‍വൃതി
ഞാനറിയുന്നുവെങ്കിലും
അറിവിന്റെ ഒരു ചെറു ചിമിഴ് പോലും
നിറഞ്ഞില്ലയെന്ന സത്യം
സൂര്യനെപ്പോലെ
എന്നെ നോക്കി
ചിരിക്കുകയാണിപ്പോഴും .....

നക്ഷത്രങ്ങള്‍ക്കിടയില്‍

നക്ഷത്രങ്ങള്‍ക്കിടയില്‍
___________________

ശരത് കാലത്തിന്റെ വിടവിലൂടെ
ഒഴുകി വന്ന മഞ്ഞു കാറ്റിന്
നിന്റെ മുഖമായിരുന്നു ......

മോഹങ്ങളുടെ കണ്ണില്ലാ
കുതിരകള്‍ മേഞ്ഞു നടക്കുന്ന
തടാക തീരത്ത് തപസു ചെയ്യുന്ന
പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്
പലായനം നടത്തുന്ന
ഉറുമ്പിന്‍ പറ്റങ്ങള്‍ .....

കൂട്ടിലെ വിശപ്പിനായ്
ധാന്യക്കതിരുകള്‍
കൊത്തിപ്പറക്കുന്ന
കിളിപ്പെണ്ണിന്‍റെ
കണ്‍ തിളക്കത്തില്‍
അമ്മ മനസിന്റെ നേര്‍ക്കാഴ്ച ...

കാഴ്ച്ചകള്‍ക്കപ്പുറത്ത്
മഞ്ഞു തിന്ന്‌ മത്തു പിടിച്ച്
കുയിലമ്മയുടെ വായിലകപ്പെട്ട
മിന്നാമിന്നിയുടെ അലറിക്കരച്ചില്‍ ....

കാഴ്ചകളുടെ വേലിയേറ്റം
കരളിന്നാഴങ്ങളില്‍ .......

രാവിന്‍ മൌനത്തില്‍
നിലാവിന്റെ തലോടലേറ്റ്
വിരിയുന്ന പൂവിന്‍ ദളങ്ങളുടെ
നേര്‍ത്ത ഒച്ചയുടെ
സൌന്ദര്യം പോലെ
നിന്റെ മിഴിവെട്ടത്തിലൊതുങ്ങുന്ന
ഇത്തിരി നിഴലാവാന്‍ .......

കണ്ണ് ചിമ്മിചിരിക്കുന്ന
നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന്
മറ്റെന്താണ്‌
ഞാന്‍ വായിച്ചെടുക്കുന്നത്
നിന്റെ പേരല്ലാതെ ..........

2013 മേയ് 20, തിങ്കളാഴ്‌ച

നീ പോവുക

നീ പോവുക

പാഥേയമില്ലാത്ത
പാന പാത്രങ്ങളില്ലാത്ത
ഈ യാത്രയില്‍
പിന്‍വിളികള്‍ക്ക്
ചെവി കൊടുക്കാതെ
നീ പോവുക ....

ജീവിതത്തിൻറെ
പെരുക്കപ്പട്ടിക
കാണാതെ
പഠിക്കുന്ന തിരക്കില്‍
നീ മറന്നു വച്ച സ്വപ്‌നങ്ങള്‍
പിന്‍ തുടര്‍ന്നേക്കാം
തിരിഞ്ഞു നോക്കരുത് ....

നിനക്ക് താണ്ടുവാന്‍
വഴികളേറെയാണ് ..

ദിക്കറിയാത്ത നേരങ്ങളില്‍
നേരുള്ള നക്ഷത്രങ്ങളും
മേഘ കുഞ്ഞുങ്ങളെ
മഞ്ഞിന്‍ ചിറകിലൊളിപ്പിക്കുന്ന
മാലാഖമാരും
നിനക്ക് വഴികാട്ടികളാകും....

സൂര്യഗോള ത്തെയും
നിലാവ് പാടങ്ങളെയുംമറികടന്ന്‌
നീ നിൻറെ സ്വപ്നരാജ്യത്തിലെത്തും..

പക്ഷെ ...
പോവുമ്പോള്‍
നീ നിൻറെ നോവുകളെ
കൂടെ കൂട്ടാന്‍
മറക്കരുത് ..............

2013 മേയ് 19, ഞായറാഴ്‌ച

നീലശംഖുപുഷ്പങ്ങൾ

പ്രിയംവദാ ....
നീയെന്താണിങ്ങനെ ....
എന്നും നിൻറെ പേരിനോട്
നീതി പുലർത്തിയിരുന്ന
നീയെന്താണിപ്പോൾ മൗനം ...

നീ ഓർക്കുന്നുണ്ടോ
കുട്ടിക്കാലത്ത്
നമ്മുടെ പകലുകളെ
നിറക്കൂട്ടണിയിച്ചിരുന്ന ,
നിഴലും വെളിച്ചവും
ഇണ ചേർന്ന് കിടക്കുന്ന ,
ചീവീടുകൾ ജുഗൽബന്ദി നടത്തുന്ന
തെക്കേത്തൊടി ...
അവിടെയിപ്പോൾ
ശംഖുപുഷ്പങ്ങൾ വിരിയാറേയില്ല...
എന്നും നിന്നെ കൊതിപ്പിച്ചിരുന്ന
നീലശംഖുപുഷ്പങ്ങൾ ...
അവയും നിന്നെപ്പോലെ
മൌനത്തിലാണ് ....

ഒരു മഞ്ഞുകാലസായാഹ്നത്തിൽ
ശംഖുപുഷ്പങ്ങളോടൊപ്പം
എന്നെയും മാറ്റി നിർത്തി
നീ പറന്നകന്നപ്പോൾ
ശേഷിച്ചത്
നിരന്തരം തിരമാലകൾ തെറുത്തെടുക്കുന്ന
കടൽ പോലെ അശാന്തമായ
മനസ് മാത്രം ....

ഞാനിന്ന് ഇവിടെ തനിച്ചാണ്
പ്രിയംവദാ ...
കൂട്ടിന് ശംഖുപുഷ്പങ്ങളും
ജുഗൽബന്ദിയുമില്ല ..
ഒച്ചയില്ലാത്തവരുടെ സംഗീതവും
തുളച്ചുകയറുന്ന നിശബ്ദതയും മാത്രം ....

പ്രിയംവദാ
ഇവിടേയ്ക്ക് ഒരിക്കൽക്കൂടി നീ വരണം
അന്നും നിൻറെ കൈയിൽ
എപ്പോഴത്തെയും പോലെ
എനിക്കുവേണ്ടി
ഒരുകുടന്ന ശംഖുപുഷ്പങ്ങൾ വേണം
നൊസ്റ്റാൾജിയയുടെ മണമുള്ള
നീലശംഖുപുഷ്പങ്ങൾ .......

2013 മേയ് 18, ശനിയാഴ്‌ച

സമാന്തരങ്ങൾ

വളഞ്ഞു പുളഞ്ഞും
ചിലപ്പോൾ ‍ നിവർ ‍ന്നും
കൈയെത്തിയാൽ ‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
നാം സമരേഖകൾ .....

വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിൻറെ
വെളിച്ചപ്പാട് തുള്ളലിൽ
ചിതറിപ്പോയ കാഞ്ചന മണികൾ ‍ ..

നിൻറെ അസാന്നിധ്യത്തിൽ
പിന്നിട്ട സന്ധ്യകൾ .....
എൻറെ ചുമർചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിൻറെ മൗനം .....
ഇടനേരങ്ങളിൽ
ഒച്ചയില്ലാതെ വന്ന
ഓർ‍മ്മകളിൽ
നീയൊരു കടങ്കഥയായി ....

ഇന്ന്
തൂവൽ‍ മിനുക്കമുള്ള
നനുത്ത മൂടൽ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോൾ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനൽ‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിർ‍ക്കുന്ന
ഈ പുലർ ‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളിൽ
മുത്തെന്ന പോലെ
നീയെൻറെ ഉള്ളിൻറെയുള്ളിൽ
ഭദ്രമായിരുപ്പുണ്ട് .......

യാത്രാമൊഴി

മഞ്ഞുപൂക്കള്‍ ചൂടിയ
മാലാഖ പെണ്‍കൊടിമാര്‍
വിടര്‍ന്ന നീല മിഴികളുമായി
ചുറ്റിലും നില്‍ക്കുന്നുണ്ട് ...
അവരുടെ മിഴികളിലെ
തിടുക്കത്തിന്
മൂര്‍ച്ച കൂടിയിരിക്കുന്നോ ........

ചിതലെടുത്ത ഓര്‍മ്മപ്പുസ്തകത്തിലെ
പൊട്ടും പൊടിയും നുള്ളിയെടുത്ത്
കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നത്
പറയാന്‍ മറന്നതും
കേള്‍ക്കാന്‍ കൊതിച്ചതും
മധുരതരങ്ങളായിരുന്നുവെന്ന്.....

വൈകിയെത്തുന്ന തിരിച്ചറിവുകള്‍
നഷ്ടബോധം ഉളവാക്കുമെന്ന്
വയല്‍പൂക്കളെ പുല്‍കിയെത്തിയ
കാറ്റ് കാതില്‍ പറഞ്ഞു പോയി.....

ഇനി യാത്ര ...
കടമെടുത്ത നിശ്വാസങ്ങള്‍
തിരികെയേല്‍പ്പിച്
മോഹങ്ങളുടെ നിറക്കൂട്ടുകള്‍
എന്നേക്കുമായി അടച്ചുവച്ച്‌............

സ്വപ്നങ്ങളുടെ ജാലകപ്പുറത്ത് നിന്ന്
കണ്ടു മോഹിച്ച
നിശബ്ദതയിലുറങ്ങുന്ന
കുളിരുള്ള സംഗീതത്തില്‍
ലയിക്കണം ....

ഇനി മാത്രകള്‍ ബാക്കിയില്ല ...
അവസാനയിതളും
കൊഴിഞ്ഞു വീഴുന്നു....

2013 മേയ് 9, വ്യാഴാഴ്‌ച

ജീവിതത്തിലെ കടംകഥകൾക്ക് ..

ജീവിതത്തിലെ കടംകഥകൾക്ക്
ഉത്തരം തേടുമ്പോൾ
കഥയുടെ വർ‍ണ്ണങ്ങളിൽ
ശേഷിക്കുന്നത് കറുപ്പ് ..........

ഓർമ്മകളെ ,
എന്തിനാണ് നിങ്ങളെൻറെ
കഥയുടെ ആകാശങ്ങൾ
കവർ‍ന്നെടുത്ത്‌
നക്ഷത്രകന്യകൾ‍ക്ക്
ഉറങ്ങാൻ കൊടുത്തത് ....

ഉണരുന്നില്ല ഞാൻ ...

ഉണരുന്നില്ല ഞാൻ
നിന്നിലൂടല്ലാതെ
ഒഴുകുന്നില്ല ഞാൻ
നിന്നിലേയ്ക്കല്ലാതെ
എരിയുന്നില്ല ഞാൻ
നിൻ മിഴികളിലല്ലാതെ
പിടയുന്നില്ല ഞാൻ
നിന്നോർമ്മകളിലല്ലാതെ .........