വളഞ്ഞു പുളഞ്ഞും
ചിലപ്പോൾ നിവർ ന്നും
കൈയെത്തിയാൽ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
നാം സമരേഖകൾ .....
വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിൻറെ
വെളിച്ചപ്പാട് തുള്ളലിൽ
ചിതറിപ്പോയ കാഞ്ചന മണികൾ ..
നിൻറെ അസാന്നിധ്യത്തിൽ
പിന്നിട്ട സന്ധ്യകൾ .....
എൻറെ ചുമർചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിൻറെ മൗനം .....
ഇടനേരങ്ങളിൽ
ഒച്ചയില്ലാതെ വന്ന
ഓർമ്മകളിൽ
നീയൊരു കടങ്കഥയായി ....
ഇന്ന്
തൂവൽ മിനുക്കമുള്ള
നനുത്ത മൂടൽ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോൾ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനൽ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിർക്കുന്ന
ഈ പുലർ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളിൽ
മുത്തെന്ന പോലെ
നീയെൻറെ ഉള്ളിൻറെയുള്ളിൽ
ഭദ്രമായിരുപ്പുണ്ട് .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments