അമ്മ
അമ്മയെന്ന വാക്കിനുമുന്നിൽ
എന്തുനൽകും പകരമായ് വയ്ക്കുവാൻ
അമ്മയെന്ന മഹാസത്യമെന്നും
നന്മനാളമായ് പുഞ്ചിരി തൂകുന്നു ..
അച്ഛനെന്നിലെ ഉൾക്കരുത്താണെങ്കിൽ
അമ്മയെന്നുമെൻ സ്നേഹത്തിൻ മന്ത്രവും ...
മഞ്ഞു തുമ്പിയെക്കാട്ടിക്കൊതിപ്പിച്ച്
അമ്മ നൽകിയ സ്നേഹാമൃതത്തിന്റെ
നന്മയിപ്പോഴുമെന്നിൽ തുടിക്കുന്നു
കൂരിരുട്ടിൽ തുഴയുന്ന നേരത്ത്
കൂർത്ത മുള്ളുകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ
അമ്മമാറിൽ മുഖംചേർത്തുനിൽക്കുന്ന
കുഞ്ഞുപൈതലായ് ഞാൻ മാറുമിപ്പോഴും...
നീലജാലകച്ചില്ലിന്റെയപ്പുറം
എന്നെനോക്കിച്ചിരിക്കുന്നതാരമായ്
അമ്മയെന്നേയ്ക്കുമായകന്നെങ്കിലും
സ്വാന്തനത്തിന്റെയാർദ്രതതേടിഞാനീ
വഴിയിലുഴറുന്നവേളയിൽ
എന്റെ കൈവിരൽ ചേർത്തണച്ചും -
കൊണ്ടമ്മയിപ്പോഴുമൊപ്പംനടക്കുന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments