2013 ഏപ്രിൽ 28, ഞായറാഴ്‌ച

അനന്തരം

______ അനന്തരം

ഒരു വലിയ പൂവിൻറെ ഇതളുകൾ പോലെ
ഓരോ ദിനവും അടർന്ന് കൊഴിയുന്നു
അതിനു മുൻപ്
പറയാൻ മറന്ന വാക്കുകളുടെ
പൊട്ടും പൊടിയും നുള്ളിയെടുത്ത്
ഞാൻ നിനക്കായ്
ഒരു കവിത കുറിക്കുന്നുണ്ട് ....

ഗുൽമോഹർ പൂക്കൾ
ശലഭങ്ങളായ് ചിറകുനീർത്തുന്ന
പാതയിലൂടെ നിൻറെ ചെറുവിരലിനൊപ്പം
എൻറെ ചെറുവിരൽ ചേർത്തു വച്ച്
നമുക്കാകവിത ഉറക്കെയുറക്കെ ചൊല്ലണം

അന്നേരം
കാർമേഘങ്ങൾ വിലക്കുകൾ മറികടന്ന്
സ്വർണ്ണനൂലായ് മണ്ണിൻറെ ആത്മാവിലേയ്ക്ക്
ആഴ്ന്നിറങ്ങും .....
കിളിച്ചുണ്ടുകൾ മൗനം മറന്ന്
ശ്രുതി താളങ്ങൾ മീട്ടും
വസന്തം മിനുക്കിയെടുത്ത കാറ്റ്
ചെമ്പകപ്പൂക്കളുടെ കാതിൽ
സ്വരരാഗമന്ത്രങ്ങൾ ഉരുക്കഴിക്കും ....

അനന്തരം ....
നീയും ഞാനും
നിഴലുകൾ ഇല്ലാത്ത
രൂപമായ്‌ മാറും ......

--

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

ഭൂമിഗീതം


ഭൂമിയ്ക്ക് വേദനിക്കുന്ന രാവുകളിൽ
നിലാവിൻറെ മിഴികളിലൂടെ
ആകാശം ഒഴുകി വന്ന്
ഭൂമിയെ തലോടാറുണ്ടത്രെ ..

അപ്പോൾ
തിരമാലകളും കിളികളും
സംഗീതം പൊഴിക്കും
മരങ്ങൾ നൃത്തം ചെയ്യും
പൂക്കൾ ശലഭങ്ങളെപ്പോലെ
ചിറകു വിരിച്ച്
പാറി നടക്കും .....

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 20, ശനിയാഴ്‌ച

ജലപ്പിശാച്

മഴനാരുകൾ ഭൂമിയെ പ്രണയിച്ചതിൻറെ
ശേഷിപ്പ് പോലെ
മുറ്റത്തിൻറെ ഓരത്ത്
ഉറ പൊട്ടുന്ന കുഞ്ഞരുവികളെ
കണ്ണിമയ്ക്കാതെ കണ്ടു നിന്ന
കുട്ടിക്കാലത്തിന്നിപ്പുറം
കൈതപ്പൂ മണമുള്ള
പുഴയിലും
തൊടിയിൽ വരാലുകൾ
കാവൽ കിടക്കുന്ന കുളത്തിലും
മണിക്കൂറുകളോളം
നീന്തിത്തുടിച്ചപ്പോൾ
അമ്മ ചാർത്തിത്തന്ന
കളിപ്പേരാണ്
"ജലപ്പിശാച് "...

മഴനീർത്തുള്ളികളോടും
പുഴയോടുമുള്ള
ഒടുങ്ങാത്ത മോഹം കണ്ട്
കളിക്കൂട്ടുകാർ
ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു
"ജലപ്പിശാച് "...

ടാപ്പ്‌ തുറന്നിട്ട്‌
ഒഴുകുന്ന വെള്ളത്തെ നോക്കി
മതി മറന്നു നിന്നപ്പോൾ
ചെവിയിൽ നുള്ളി വേദനിപ്പിച്ച്‌
കൂട്ടുകാരനും വിളിച്ചു
"ജലപ്പിശാച് "...

കുഴലിലൂടെ ഒഴുകിയെത്തുന്ന
വെള്ളിനൂലുകളുടെ സമൃദ്ധിയിൽ
മനസിനെ തണുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്
അശനിപാതം പോലെ
പത്രവാർത്തയെത്തുന്നത്
"പൈപ്പ് പൊട്ടി
രണ്ടു ദിവസത്തേക്ക്
നഗരത്തിൽ‍ കുടിവെള്ളം മുടങ്ങും"...

അങ്ങനങ്ങനെ
ജലപ്പിശാചായി കഴിഞ്ഞിരുന്ന ഞാൻ
ജലം കിട്ടാതെ
പിശാചായി മാറിക്കൊണ്ടിരിക്കുന്നു .......


http://ormmappottukal.blogspot.com/

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

അമ്മയിലൂടെ

അമ്മയിലൂടെ
അക്ഷരങ്ങളിലൂടെ
ഗുരുക്കന്മാരിലൂടെ
അറിഞ്ഞ
പുരാണ രാവണന്
പത്തു തലയും
ഒരു മനസും

ഇന്ന്
കണ്ടും കേട്ടും അറിയുന്ന
രാവണൻമാർക്ക്
ഒരു തലയും
പത്തു മനസും ....

--

http://ormmappottukal.blogspot.com/

സന്ധ്യയ്ക്ക് വിരിയുന്ന

സന്ധ്യയ്ക്ക് വിരിയുന്ന
കുടമുല്ലപ്പൂക്കളാണ്
ഓർമ്മകളുടെ
ഒരു പൂക്കാലം
ബാക്കിയുണ്ടെന്ന്
മനസിലാക്കിത്തരുന്നത്
--

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

സൂര്യപുത്രൻ

സൂര്യപുത്രൻ

ഞാൻ ‍ സൂര്യപുത്രൻ
എങ്കിലും
സൂതപുത്രനെന്നു
കേൾക്കാൻ വിധിക്കപ്പെട്ടവൻ....

അറിവിൻറെ ഉണർച്ചകളിൽ
കണ്ടെത്തിയ
അറിയപ്പെടാത്ത സത്യം
നെരിപ്പോടായി
നെഞ്ചിൽ പേറി നടന്നവൻ .

വിദ്യ നേടാനുള്ള
അടക്കാനാവാത്ത
ആഗ്രഹത്താൽ
കളവു പറഞ്ഞ്
നേടിയ ശിഷ്യത്വം
ഗുരുശാപത്തിൽ
കൊണ്ടെത്തിച്ചപ്പോൾ
നഷ്ടമായത്
വേണ്ട സമയത്ത്
ഉപകാരപ്പെടാതെ പോയ
അറിവ് ......

കുലമേത് പൈതൃകമേത്
എന്ന ചോദ്യത്തിന് മുന്നിൽ
താഴ്ന്നു പോയ തല
ഉയർത്തിപ്പിടിച്ച്‌
സ്വന്തം രാജ്യം പകുത്തു നല്‍കി
രാജാവായി വാഴിക്കുമ്പോൾ
സുയോധനാ ,
അദൃശ്യമായ പൊൻചരടിനാൽ
ബന്ധിക്കപ്പെട്ട
കളങ്കമറ്റസൗഹൃദം
നമുക്ക് സ്വന്തമാവുകയായിരുന്നു ...

ജന്മനാ വരമായി കിട്ടിയ
കവച കുണ്ഡലങ്ങൾ
ചതിപ്രയോഗമാണെന്നറിഞ്ഞിട്ടും
ദാനമായി നൽകിയവൻ
ഞാൻ സൂര്യപുത്രൻ...
എങ്കിലും
സൂതപുത്രനെന്നു
കേൾക്കാൻ
വിധിക്കപ്പെട്ടവൻ.....

അപൂർണ്ണം

പൂത്ത പൊൻ ചെമ്പകചോട്ടിലേയ്ക്കായ്
നേർത്തൊരോർമ്മതൻതൂവൽ പറക്കുന്നു
അവിടെയുണ്ടിപ്പോഴുമാചെമ്പകപ്പൂമരം
നിറമെഴും കാലത്തിൻ സാക്ഷ്യപത്രം ....

ഒരു നിലാച്ചിന്തുപോൽ നീ മുന്നിലെത്തുമ്പോ-
ഴെന്നുള്ളിൽ കണിക്കൊന്ന പൂത്തിരുന്നു
പൂവിൻചുണ്ടിലെ മൗനമെടുത്തു നാം
ചേലുള്ള സ്വപ്‌നങ്ങൾ കോർത്തിരുന്നു

കാല പ്രവാഹത്തിലേറെ വസന്തങ്ങൾ
പൂവിട്ട് കായിട്ട് പോയ്‌ മറഞ്ഞെങ്കിലും
അടരാതെയുള്ളിൽ പതിഞ്ഞു കിടക്കുന്നൊ -
രപൂർണമാം കവിതയായ് നീ മാറിയെങ്കിലും

കാഴ്ചകൾക്കപ്പുറം നിന്നുചിരിക്കുന്ന
നേർത്തൊരു സത്യമായ് നീ മാഞ്ഞുവെങ്കിലും
വെറുതേ ഞാനെന്തിനോ തിരയുകയാണിന്നും
വിരിയാത്തോരോർമ്മതൻമൊട്ടുകളെ .......

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ബോധി


__________
പ്രിയ സിദ്ധാര്‍ത്ഥാ,
നീ മറന്നുവോ
നിന്‍ കരസ്പര്‍ശത്താല്‍
ധന്യമായ് ത്തീര്‍ന്നോരീ -
ക്കൊച്ചു ബോധിയെ ....

നിന്നിലെ നിന്നെയറിയാ-
നായെത്ര രാപ്പകലുകള്‍ പിന്നിട്ടു
നീയിത്തണലിലേകാകിയായ് ...
ഉരുകിത്തപിച്ച നിന്നുള്‍പ്പൂവിന്‍
നോവുകള്‍ തഴുകിത്തണുപ്പിച്ച തീ -
ച്ചെറുകുളിരല്ലേ...........

പ്രപഞ്ച ചൈതന്യമാകെത്തുടിച്ചു നിന്‍
പ്രകാശ നക്ഷത്രനയനങ്ങളില്‍ .....
നിന്‍ മഹാമൗനത്തിന്നാഴ -
മളക്കാതെ നിന്നു പോയന്നുമീ -
ത്താരകളൊക്കെയും .........

അഴലിന്റെയാഴക്കടലിന്നു -
മപ്പുറമതിരറ്റ ശാന്തിതന്‍
മധുരംനുകര്‍ന്നു നീ ...
ഒടുവിലറിവിന്‍റെയാകാശം നേടി നീ
ചിറകുനീര്‍ത്തിപ്പറന്നകന്നു പോയ്‌ ...

ഇവിടെപ്പടരുന്ന കാറ്റിന്‍റെ
ചുണ്ടില്‍ നീ
കനിവെഴും മന്ദസ്മിതം
കടമായ് കൊടുത്തുവോ ...
ഇവിടെയുതിരുന്ന നിലാവിന്‍
മിഴികള്‍ നിന്‍
കരുണാര്‍ദ്ര നോട്ടത്തിന്‍
കിരണങ്ങള്‍ പേറുന്നു ...
നിന്‍ പദചുംബനങ്ങളേറ്റ മണ്‍തരികള്‍
തങ്ങളില്‍ച്ചൊല്ലുന്നു
നിന്‍ കഥയിപ്പോഴും .....
വ്രണിതമെന്‍ ലോകത്തി -
ന്നമൃതായ് ത്തീര്‍ന്നു നിന്‍
മധുരദീപ്തമാം ചിന്തകളൊക്കെയും ...

എങ്കിലുമിന്നുമെന്‍ മിത്രമേ ചുറ്റിലും
കരിവേഷമാടുന്ന മാനവരും,
വ്യമോഹക്കറ പുരളുന്നസ്വപ്നങ്ങളും,
നുരയുന്ന ദുഃഖക്കടലിനു മീതെ
കരകാണാതലയുന്ന മനുഷ്യകങ്ങളും ...

അലയും മനസുകള്‍ക്കഭയമായ്
നീയെന്നു തിരികെയെത്തുമെന്‍
ധന്യതേ, ചൊല്ലുക........

ഋതുകന്യകമാര്‍നൃത്തംവച്ചിതു -
വഴി പലകുറി വന്നുപോയെങ്കിലും
നിഴല്‍ നീണ്ടു പോകുമീ വഴികളി -
ലെങ്ങും നിന്‍ മൃദുലമാം കാലൊച്ച
കേള്‍പ്പതില്ലെങ്കിലും
ഒടുവിലൊരന്തിക്കു നീ വന്നു ചേക്കേറു -
മെന്നൊരുള്‍വിളിയുമായ് ഞാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ............

ഓർമ്മകളിൽ ..



"ഉപ്പിട്ടിത്തിരി കഞ്ഞോളം "... ഉറക്കച്ചടവും കൊണ്ട് കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോൾ കേട്ടതാണ് .. 
അടുക്കള മുറ്റത്തു നിന്നാണ് ചോദ്യം ..ചോദിക്കുന്നത് എൻറെ അമ്മയോടും .. എന്താണ് ഈ കഞ്ഞോളം ?
കൌതുകത്തോടെ ഞാൻ നോക്കി .. സ്പ്രിംഗ് പോലെ ചുരുണ്ട് ചെമ്പിച്ച തലമുടിയും കുറുകിയ കണ്ണുകളുമുള്ള 
ഒരു കുട്ടി .. അമ്മ ഒരു പാത്രത്തിൽ കഞ്ഞിവെള്ളം കൊണ്ട് കൊടുത്തപ്പോഴാണ്‌ കഞ്ഞോളം  എന്താണെന്നു 
മനസിലായത്   സ്വാദോടെ  അവനതു കുടിക്കുന്നു..  കഞ്ഞിവെള്ളത്തിനു ഇത്രയും സ്വാദോ ?
തെല്ലൊരു സംശയത്തോടെ ഞാൻ നിന്നു. പിന്നീടുള്ള ദിവസങ്ങളിലും കഞ്ഞോളം കുടിക്കാൻ അവൻ വന്നു. പറമ്പിൽ  പുല്ലരിയാൻ വരുന്നവരുടെ മോനാണ് .. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് 
ഓലപ്പംബരവും ഓലപ്പന്തും പച്ചയും മഷിത്തണ്ടുമൊക്കെ അവൻ എനിക്കായി കൊണ്ടുവരും ..ഒരു ഏഴുവയസു കാരിക്ക് അതൊക്കെ വളരെ വിലപ്പെട്ടതാണെന്ന് അവനറിയാമായിരുന്നിരിക്കണം .. 
നീയെന്താ സ്കൂളിൽ വരാത്തത് എന്ന  എന്റെ ചോദ്യത്തിന് അവൻ മറുപടിയൊന്നും തന്നില്ല .. ചിലപ്പോൾ 
സ്കൂളിൽ പോകാനിഷ്ടമില്ലായിരിക്കും എന്ന് ഞാൻ കരുതി . എന്നാൽ കാര്യം അതല്ല ,അവനു ഇടയ്ക്കിടെ അപസ്മാരം വരാറുണ്ടെന്നും അതാണ് സ്കൂളിൽ വിടാത്തതെന്നും അവന്റെ അമ്മ എന്റെ അമ്മയോട് ഒരിക്കൽ പറയുന്നത് കേട്ടു..  പഠിക്കുന്നില്ലെങ്കിലും അവനൊരു നല്ല കൂട്ടുകാരനാണെന്നെനിക്കു തോന്നി . കാരണം അവൻ ചക്കര മാവിലെ മാമ്പഴങ്ങൾ എറിഞ്ഞിടുമ്പോൾ കൂടുതലും എനിക്കാണ് തരാറുള്ളത് . പിന്നെ തുമ്പിയെക്കൊണ്ട് 
കല്ലെടുപ്പിക്കുക ,അണ്ണാൻ കുഞ്ഞിന്റെ വാലിൽ പിടിച്ചുവലിക്കുക ,കാക്കക്കൂട്ടിൽ കല്ലെറിയുക തുടങ്ങിയ എൻറെ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ട് നില്ക്കുകയും ചെയ്യും. എന്നോട് വഴക്കിടാറുമില്ല . അങ്ങനെയിരിക്കെ അവൻ വരാതായി ... അവൻറെ അമ്മയും വന്നില്ല ..എന്തായിരിക്കും കാരണം ... എൻറെ കൊച്ചു തല പുകഞ്ഞു .കുറെ നാൾ ആ കുഞ്ഞു നൊമ്പരം മനസ്സിൽ തറഞ്ഞു കിടന്നു. . പിന്നൊരിക്കൽ  അമ്മ പറഞ്ഞു .. അമ്പലക്കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ അപസ്മാരം വന്ന് അവൻ ................ 
വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും അത് വഴി കടന്നുപോവുമ്പോഴൊക്കെ ഓർമ്മകളുടെ അങ്ങേഅറ്റത്തുനിന്നും 
കണ്‍ കോണുകളെ നനയിച്ചുകൊണ്ട്‌ അവൻ കടന്നു വരാറുണ്ട് ... 

2013 ഏപ്രിൽ 10, ബുധനാഴ്‌ച

കാലം

കാലം വിശ്വസ്തനായ
വഴികാട്ടിയെപ്പോലെ
മുന്നിൽ ‍ നടന്നിട്ടും
അവധൂതന്മാർ ആവർത്തിച്ചിട്ടും
എന്തിനാണ് നീ നിൻറെ
കാഴ്ച്ചയുടെ ജാലകങ്ങൾ
പിറകോട്ടു തുറക്കുന്നത് .....

നീ ആത്മാവിനാൽ
നേടിയതൊക്കെയും
മരണത്തിനുപോലും
കീഴ്പ്പെടുത്താനാവാത്തത് .....

2013 ഏപ്രിൽ 9, ചൊവ്വാഴ്ച

മഴ

_____മഴ

മണ്ണിൻറെ വരണ്ട മനസിൽ
അമൃതിൻ തുള്ളികളായ്
പെയ്തിറങ്ങുന്നു മഴ ...
ആകാശ ത്തെയും
ഭൂമിയെയും
ബന്ധിപ്പിക്കുകയാണോ
മഴനൂലുകൾ .....
മാമ്പൂ മണക്കുന്ന
നാട്ടിലേയ്ക്ക് ഈ മഴത്തുള്ളികൾ
എന്നെ കൈ പിടിക്കുന്നു
മഴയോടൊപ്പം
ആടിയുലഞ്ഞ് വരുന്ന
കാറ്റ് തന്നു പോയ
നാട്ടു മാമ്പഴങ്ങൾ .....
പുഴയുടെ മാറിൽ ചിതറി വീണ
മഴത്തുള്ളികളെ നോക്കിച്ചിരിച്ച
കൌമാരത്തിനുമപ്പുറം
പാവാടത്തുമ്പിൽ
ഇലഞ്ഞിപ്പൂക്കൾ
പെറുക്കിയെടുത്ത്
മാല കോർത്തിരുന്ന
ബാല്യ നിഷ്കളങ്കതയുടെ
നാളുകളിലാണ്
മഴ ഒരു ലഹരിയായ്
മനസ്സിൽ പടർന്നത് ..

2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

പുനര്‍ജന്മമെന്ന ഒന്നുണ്ടെങ്കില്‍
എനിക്കും
അമ്മക്കുളിരില്‍ മുഖം പൂഴ്ത്തുന്ന
വര്‍ണ്ണപ്പീലിത്തുണ്ടായി ജനിക്കണം ...

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ
സുരക്ഷിതസമൃദ്ധിയിലൊതുങ്ങണമെനിക്ക് ,
കുഞ്ഞുകൌതുകങ്ങളെ നെഞ്ചോടു ചേര്‍ത്ത് ,
വാഴക്കുടപ്പനിലെ തേന്‍ നുകര്‍ന്ന് ,
പുഴമനസ് രാകിമിനുക്കിയെടുക്കുന്ന
വെള്ളാരം കല്ലിനൊപ്പം
മുങ്ങാംകുഴിയിട്ട് ............

നിലാവ് കൈവച്ച ജമന്തിപ്പാടങ്ങളില്‍
അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
കാറ്റോടു ചേര്‍ന്ന്
പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
കോര്‍ത്തുവയ്ക്കണം ........

കര്‍പ്പൂര ഗന്ധമുള്ള കനക സന്ധ്യകളില്‍
പ്രണയിനിയുടെ മിഴിത്തിളക്കത്തിന്റെ
കരുതലില്‍
തിരമാലകളെ കേട്ടിരിക്കണം .....

ഒടുവില്‍
അതിരെഴാത്ത മോഹങ്ങളുടെയും
അവ്യക്ത ദുഖങ്ങളുടെയും
അകമ്പടിയോടെ
മണ്ണിന്‍റെ മടിയില്‍ ലയിച്ച്
വീണ്ടുമൊരു നക്ഷത്രമായി .......______

സമാന്തരങ്ങള്‍

സമാന്തരങ്ങള്‍

വളഞ്ഞു പുളഞ്ഞും
ചിലപ്പോള്‍ നിവര്‍ന്നും
കൈയെത്തിയാല്‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
റെയില്‍പ്പാത പോലെ
നാം സമരേഖകള്‍ ......

വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിന്റെ
വെളിച്ചപ്പാട് തുള്ളലില്‍
ചിതറിപ്പോയ മഞ്ചാടി മണികള്‍ ..

നിന്റെ അസാന്നിധ്യത്തില്‍
പിന്നിട്ട സന്ധ്യകള്‍ ..
എന്റെ ചുമര്‍ചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിന്റെ മൌനം ....

ഇടനേരങ്ങളില്‍
ഒച്ചയില്ലാതെ വന്ന
ഓര്‍മ്മകളില്‍
നീയൊരു
കടങ്കഥയായി ...........

ഇന്ന്
തൂവല്‍ മിനുക്കമുള്ള
നനുത്ത മൂടല്‍ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോള്‍ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനല്‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിര്‍ക്കുന്ന
ഈ പുലര്‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളില്‍ വീണ്
കാലപ്പകര്‍ച്ച കൊണ്ട്
മുത്തായി തീരുന്ന
നീര്‍കണിക പോലെ
നീയെന്‍റെ ഉള്ളിന്‍റെയുള്ളില്‍
ഭദ്രമായിരുപ്പുണ്ട് .______

കോമാളി

കോമാളി

മഞ്ഞിന്‍റെ നീണ്ട് മെലിഞ്ഞ
മൂര്‍ച്ചയുള്ള വേരുകള്‍
അസ്ഥി തുളച്ച് കയറുമ്പോഴും
പറയാന്‍ മറന്ന വാക്കുകളുടെ
തേങ്ങലുകള്‍ ഒതുങ്ങിയ ചുണ്ടുകള്‍
കൂര്‍ത്തിരുന്നു..........

വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത
എന്തൊക്കെയോ ശബ്ദങ്ങള്‍
കേള്‍ക്കുന്നുണ്ട് ചുറ്റിനും .......

പറഞ്ഞറിയിക്കാനാവാത്ത
ഒരു സുരക്ഷിതത്വം തോന്നുന്നുണ്ട് ........
ഞാന്‍ വീണ്ടും
അമ്മയിലേയ്ക്ക് ചുരുണ്ടുകൂടിയോ ...

വായുവില്‍ ഒഴുകി നടക്കുന്നത് പോലെ...
കിളികളോടൊപ്പം
വായുവില്‍ പറക്കുകയാണോ ...
പക്ഷെ , ചിറകുകള്‍
നീര്‍ത്താന്‍ പറ്റുന്നില്ലല്ലോ ..

അശാന്തിയുടെ ആത്മാവുകള്‍
കുരുങ്ങി കിടക്കുന്ന
ശാന്തികവാടത്തിനു മുന്നിലെ
മുള്‍പ്പടര്‍പ്പുകള്‍ അല്ലെ
അവിടെ കാണുന്നത് ....

നീയായിരുന്നു... അല്ലെ ....
അല്ലേലും ഔചിത്യബോധം
തീരെയില്ല നിനക്ക് ...
എപ്പോ ,എവിടെവച്ച്
എങ്ങനെ വരണമെന്ന്
നിനക്കൊരിക്കലും അറിയില്ല ...

പതുങ്ങിപ്പതുങ്ങി
കൂടെ നടന്നിട്ട് .......

മുറിഞ്ഞു പോയ സ്വപ്നങ്ങളുടെ
തുമ്പപ്പൂക്കള്‍ പെറുക്കിയെടുത്ത്
പൂക്കളം ഒരുക്കാനുള്ള
തത്രപ്പാടിലായിരുന്നു ഞാന്‍ ...

നിന്നോട് പറഞ്ഞിരുന്നതല്ലേ
സമയമാവുമ്പോ പറയാമെന്ന് ...

എന്നിട്ടും നീയെന്നെ ..

നിഴല്‍പ്പക്ഷി

നിഴല്‍പ്പക്ഷി

ഇരുളിന്‍റെ നീലക്കയത്തിലേയ്ക്കെന്തിനായ് 
ഒരു നിഴല്‍പ്പക്ഷിയായ് മാഞ്ഞു പോയ്‌ നീ ...
ചിറകാര്‍ന്ന ചിന്തകളൊക്കെപ്പകുത്ത നീ 
സ്വപ്നച്ചിറകേറിയെന്തിനു യാത്രയായി ....

വിടരാത്ത മൊട്ടിന്റെയോര്‍മ്മകളെന്തിന്
വിറകൊള്ളും താരക നോക്കി നില്‍പ്പൂ
പിടയുന്നുണ്ടാര്‍ദ്ര നിലാവിന്റെ കൈകളില്‍
ഒരു മൌന ഗീതത്തിന്‍ സ്വപ്നജ്വാല
അടരുന്ന നിമിഷങ്ങളൊക്കെപ്പറയും
നീ പറയാതെപോയൊരാ ജീവഗാഥ ...

കാലമിന്നെന്നെയും കൊണ്ടു പോവുന്നു
കാര്‍മേഘമൌനത്തിന്‍ തീരങ്ങളില്‍

കനവുകള്‍ കാണാന്‍ മറന്നൊരെന്‍ ഹൃദയത്തില്‍
കനല്‍ സൂചി വരയുന്ന നേരങ്ങളില്‍
പടരുന്നു നീയെന്നൊരേകനക്ഷത്രമായ്
തുടികൊള്ളുമാത്മാവിന്നാകാശത്തില്‍ !!!

മൗനം

മൗനം 

മൗനത്തിന്റെ 
മായാ വലയത്തിലാണ് 
എല്ലായ്പ്പോഴും 
മനുഷ്യര്‍ ....

ആകാശത്തിന്‍റെ അനന്തമായ ,
അലയാഴിയുടെ അഗാധമായ ,
കാലത്തിന്‍റെ അനാദിയായ 
മൗനം ....

സൂര്യന്‍റെ കത്തുന്ന ,
കൊടുമുടികളുടെ ഗാംഭീര്യമുള്ള ,
മഞ്ഞിന്‍റെ കുളിര്‍മ്മയുള്ള
മൗനം ...

നിലാവിന്‍റെ മധുരമുള്ള ,
പൂവിന്‍റെ ശാലീനമായ ,
മനസ്സിന്‍റെ തിരിച്ചറിയാനാവാത്ത
മൗനം ...

മണ്ണിന്‍റെ മഹാമൗനം ......

ഇവയെല്ലാം ചേര്‍ന്ന്
നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
സംസാരിക്കാന്‍ തുടങ്ങിയാല്‍ ..........

:-

പൂത്തിലഞ്ഞിച്ചോട്ടിലേയ്ക്കെന്തിനോ
നേർത്തൊരോർമ്മതൻ തൂവൽ പറക്കുന്നു.....

പ്രത്യയ ശാസ്ത്രം

പ്രത്യയ ശാസ്ത്രം
മുഖമുടഞ്ഞവരുടെ
സ്വപ്നങ്ങളുടെ
മിഴിനീരുറഞ്ഞ
ശംഖിനാൽ 
കാഹളം മുഴക്കുന്ന
ആൾദൈവങ്ങൾ ....

വിശക്കുന്നവൻറെ 
നീതിബോധം
ഏതു തത്ത്വസംഹിതയിൽ
ഒതുങ്ങി നിൽക്കും ..

വില കുറയുന്നത്
പ്രത്യയ ശാസ്ത്രങ്ങൾക്കും
ആട്ടിൻതോലിനും
പിന്നെ
മനുഷ്യനും .....

ഭരിക്കുന്നവരുടെ
നീതിശാസ്ത്രം
എന്നും എവിടെയും
ഒന്നു തന്നെ ..........

കടല്‍ കാറ്റ് പുഴയുടെ കാതില്‍ പറഞ്ഞത്

കടല്‍ കാറ്റ് പുഴയുടെ കാതില്‍
പറഞ്ഞത് ..............

എന്നായാലും നീ അനന്തമായ
സാഗരത്തില്‍ ലയിക്കാനുള്ളതാണ്
നീ നേര്‍ത്തു നേര്‍ത്തു
തരിശാകാതെ
അതില്‍ ലയിക്കണം ..

നിന്നിലെ
ഒരു ജലകണമായിരിക്കാം
തിരുവാതിരനക്ഷത്രം
തീക്കട്ട പോലെ ജ്വലിക്കുന്ന
രാവുകളിലൊന്നില്‍ ,
ചിപ്പിക്കുള്ളില്‍ വീണ്
വിലമതിക്കാനാവാത്ത
മുത്തായി മാറുന്നത്

പ്രണയ നെല്ലിക്ക

പ്രണയ നെല്ലിക്ക 

പ്രണയത്തിനും 
നെല്ലിക്കയ്ക്കും 
സമാനസ്വഭാവങ്ങളാണ് 
തല തിരിഞ്ഞാണെങ്കിലും ....

നെല്ലിക്ക 
കയ്ക്കും 
പുളിക്കും 
മധുരിക്കും ...

പ്രണയം
മധുരിക്കും
പുളിക്കും
കയ്ക്കും .....

താളം

 താളം 

നിറയൂ നിലാവായ് 
നിറയൂ വസന്തമായ്‌ 
നിറയൂ നീയെൻ 
നിശ്വാസ താളമായ് ..
നിറവാർന്ന സന്ധ്യകൾ 
പനിനീർക്കിനാവുകൾ 
ഒഴുകാം നമുക്കൊന്നായൊ -
യൊഴുകാമൊരു രാഗമായ് ...
പ്രണയാർദ്ര മോഹനം
തിരയുന്നു നിന്നെ ഞാൻ
ശ്രുതി മീട്ടും സ്വരമായ്
വരിക നീ ചാരുതേ ............

മരണം ...

മരണം ... ഔചിത്യബോധം തീരെയില്ലാത്ത കോമാളി ..
ഏതിരുട്ടിലും നമ്മുടെ കൂടെയുള്ള നിഴൽ ..പതുങ്ങിപ്പതുങ്ങി കൂടെ നടക്കും ...സുഖദുഖങ്ങളുടെ കയറ്റിറക്കങ്ങളിലും ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരി ...എവിടെവച്ച് എങ്ങനെ വരണമെന്നറിയാത്ത കോമാളി ..

ഇഷ്ടം

ഇഷ്ടം

ഇഷ്ടമാണെനിക്കിഷ്ടമാണെൻറെ 
മുറ്റത്തെ പൂമരച്ചില്ലയിൽ 
ചേർന്നിരുന്നു പാടും കിളികളെ ..

ദൂരെയെങ്ങോ പൂക്കും കിനാവിൻറെ 
നേർത്ത ഗന്ധം പകർന്നു പോം കാറ്റിനെ 
സാന്ത്വനത്തിൻ മൃദുമന്ത്രമോതുന്ന 
സൌമ്യമോലും പുഴതന്നോളങ്ങളെ 

വർണമേളങ്ങൾ വാരി പുതയ്ക്കുന്ന
പൊൻപളുങ്ക് ശലഭങ്ങളെയും
കുഞ്ഞു പൂക്കളെ യുമ്മവച്ചുറക്കുന്ന
ആർദ്രനീലനിലാവിനെയും
സാന്ദ്രനീലിമ നെഞ്ചിൽ തുടിക്കുന്ന
സാഗരത്തിൻ നിശബ്ദ സംഗീതത്തെയും

നിൻറെ കണ്ണിലെനിക്കു മാത്രമായ്
ചിമ്മി നില്ക്കും താരങ്ങളെയും ....

കയ്യൊപ്പ്

കയ്യൊപ്പ് 

ഓർമ്മകളുടെ
തടവറയിൽ നിന്നും
വിലങ്ങ് പൊട്ടിച്ചുണർന്ന
ഒരു മന്ദഹാസത്തിൻറെ 
കയ്യൊപ്പിൽ 
മുഖമമർത്തുമ്പോൾ 
ഉൾക്കടലിൻറെ 
നിശബ്ദ സംഗീതം
ഞാനറിയുന്നുണ്ട് .......

ജീവിതത്തിൻറെ
രസതന്ത്രം മെനയുന്നതിനിടയിൽ
പിന്നിട്ട വഴികളിലെവിടെയോ വച്ച്
മറന്നുപോയ മന്ദഹാസം ...

അകലെയെവിടെയോ
ഇരുളടഞ്ഞ ദ്വീപിലേയ്ക്ക്
അലസമായി പോയ
കാറ്റിനൊപ്പം
ആ മന്ദഹാസത്തിൻറെതിരികളും
മറഞ്ഞു പോയി....

അക്ഷരങ്ങൾ

അക്ഷരങ്ങൾ 

അമ്മയെപ്പോലെ
അളവറ്റ സ്നേഹം തരാൻ 
അക്ഷരങ്ങൾക്ക് കഴിയുമെന്ന
തിരിച്ചറിവിൻറെ പാതകളിൽവച്ചാണ്
ഞാനവയെ സ്നേഹിച്ചു തുടങ്ങിയത് ...

കൊക്കൂണിൻറെ 
മഹാമൌനത്തിൻറെ 
പൊരുൾചൊല്ലുന്ന
ചിത്രശലഭങ്ങളുടെ
മാസ്മരികതയോടെ
അക്ഷരങ്ങൾ
മുന്നിൽ നൃത്തം ചെയ്യുമ്പോൾ
കരൾ പൊള്ളിക്കുന്ന ചിന്തകൾ
അകലങ്ങളിൽ ‍ പതുങ്ങും ......

അക്ഷരപ്പച്ചയുടെ കുളിരിൽ
മുങ്ങി നിവരുമ്പോഴൊക്കെ
മഴയെ അളവില്ലാതെ
അനുഭവിക്കുന്ന
മരങ്ങളുടെ നിർവൃതി
ഞാനറിയുന്നുവെങ്കിലും
അറിവിൻറെ ഒരു ചെറു ചിമിഴ് പോലും
നിറഞ്ഞില്ലയെന്ന സത്യം
സൂര്യനെപ്പോലെ
എന്നെ നോക്കി
ചിരിക്കുകയാണിപ്പോഴും .....

വിഷു വരും

വിഷു വരും 

വിഷുക്കാലമേറെക്കടന്നു പോയെന്നിട്ടും 
മിഴി പൂട്ടി നിൽക്കുന്നതെന്തു പെണ്ണേ 
നിന്നിലുറയുന്ന സ്നേഹത്തിൻ മുത്തുകൾ 
എന്തേ നീ പൂക്കളായ് തന്നിടാത്തെ .......

നട്ടുനനച്ചു വളർത്തി ഞാൻ 
ഒത്തിരി സ്നേഹം പകർന്നതല്ലേ 
പടിയോള മെത്തി വിഷു വെന്നതു നീ 
ഒരു തരി പോലും ഓർക്കുന്നില്ലേ
എന്നിട്ടുമെന്നിട്ടുമേന്തേ കണിക്കൊന്നെ
മൌനം പുതയ്ക്കുന്നു നീ മാത്രം ....

ഇത്ര ഗർവം നിനക്കെങ്കിലി -
ക്കുറിയും പൂക്കേണ്ട പെണ്ണെ നീ
ആയിരം സൂര്യന്മാർ ഒന്നിച്ചുയർന്നപോൽ
ആതിരത്താരകം ചിമ്മിവിടർന്നപോൽ
എൻറെയുള്ളിൽ പൂത്തു നിൽക്കുന്നു -
ണ്ടൊരായിരം പൊൻകണിക്കൊന്നകൾ !!

നിശബ്ദത

നിശബ്ദത
മറക്കാൻ പഠിക്കുകയാണ് ഞാൻ
നോവിൻറെ ചോര ചിന്തുന്ന
ഓർമ്മകളെ ,
പാടിയകന്ന പകൽക്കിളികളെ,
കനൽചീളുകൾ
കൊരുത്തു വച്ച്
കരളടർത്തിക്കൊണ്ടുപോയ
കാലത്തെ ........
വിശ്വാസത്തിൻറെ
നേരിയ നൂലിഴകൾ ചേർത്തുവച്ച്
വിഗ്രഹങ്ങൾ നെയ്തെടുക്കുമ്പോഴേക്കും
അതിനെ തകർക്കാനായി
കൊടുങ്കാറ്റുകൾ
ഉയിർത്തെഴുന്നേറ്റിരിക്കും ....
നിശബ്ദത ഉറവെടുക്കുന്നത്
കൊടുങ്കാറ്റുകൾക്ക്
മുൻപായിരിക്കുമോ ..
അതോ ശേഷമോ .......

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ബോണ്‍സായ്

ബോണ്‍സായ്

അഴകളവുകളുടെ
അതിരിൽ അരിഞ്ഞൊതുക്കി
വടിവൊത്ത പാത്രങ്ങളിൽ 
നിരന്ന്
നിൻറെ കാഴ്ച്ചയെ
വിഭ്രമിപ്പിക്കുമ്പോൾ
നീ ഓർക്കാറുണ്ടോ 
എൻറെ ഉള്ളുരുക്കങ്ങളെ ....

മുറിവേറ്റ വേരുകൾക്കാവുന്നില്ല
മണ്ണിൻറെ ആഴങ്ങളെ പുൽകി
നറുമണം കവർന്ന്
പൂവിലേയ്ക്ക് പകരാൻ ..

കുളുർച്ചില്ലകളിൽ
വിയർപ്പാറ്റി മയങ്ങാൻ
കലമ്പിക്കുന്ന
കിളിയൊച്ചകളുമില്ല....

ശലഭമിഴികളെ
കൊതിപ്പിക്കാതെ
ശരത്കാല മേഘങ്ങളെപ്പോലെ
കൊഴിഞ്ഞു വീഴുന്നു
എൻറെ കുഞ്ഞുപൂക്കൾ ......

എന്നിൽ നിറയുന്നില്ല
നിലാവിൻറെ തലോടലും
മഴയുടെ പെരുക്കങ്ങളും
മഞ്ഞിൻറെ നിശ്വാസങ്ങളും .....

ചതുരവടിവിൽ കിട്ടുന്ന
ആകാശക്കാഴ്ച്ചകളിൽ
ഇടയ്ക്ക്
ഒരു നക്ഷത്രപ്പൊട്ട്
അത്രയെങ്കിലും .........

അകലുവാൻ മാത്രമായ് ...


അകലുവാൻ മാത്രമായ് 
അരികിലെന്തിനു വന്നു നീ 
ഒരു കിനാവ് വിടർന്ന പോൽ 
പ്രണയ സുരഭില സന്ധ്യയിൽ

ശിശിര സുന്ദര വേളയിൽ 
അലസ മൃദുമയ ഗീതികൾ 
മധുരമായ് പൊഴിഞ്ഞു നീ 
മധു പകർന്ന രാവുകൾ .....

പുലരി മഞ്ഞിൻ ചുംബനം
തനു തലോടിയുണർത്തവേ
ഉയിരിലാകെ നിറയുന്നൂ
പ്രിയതരം നിന്നോർമ്മകൾ .....