2013 ഏപ്രിൽ 20, ശനിയാഴ്‌ച

ജലപ്പിശാച്

മഴനാരുകൾ ഭൂമിയെ പ്രണയിച്ചതിൻറെ
ശേഷിപ്പ് പോലെ
മുറ്റത്തിൻറെ ഓരത്ത്
ഉറ പൊട്ടുന്ന കുഞ്ഞരുവികളെ
കണ്ണിമയ്ക്കാതെ കണ്ടു നിന്ന
കുട്ടിക്കാലത്തിന്നിപ്പുറം
കൈതപ്പൂ മണമുള്ള
പുഴയിലും
തൊടിയിൽ വരാലുകൾ
കാവൽ കിടക്കുന്ന കുളത്തിലും
മണിക്കൂറുകളോളം
നീന്തിത്തുടിച്ചപ്പോൾ
അമ്മ ചാർത്തിത്തന്ന
കളിപ്പേരാണ്
"ജലപ്പിശാച് "...

മഴനീർത്തുള്ളികളോടും
പുഴയോടുമുള്ള
ഒടുങ്ങാത്ത മോഹം കണ്ട്
കളിക്കൂട്ടുകാർ
ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു
"ജലപ്പിശാച് "...

ടാപ്പ്‌ തുറന്നിട്ട്‌
ഒഴുകുന്ന വെള്ളത്തെ നോക്കി
മതി മറന്നു നിന്നപ്പോൾ
ചെവിയിൽ നുള്ളി വേദനിപ്പിച്ച്‌
കൂട്ടുകാരനും വിളിച്ചു
"ജലപ്പിശാച് "...

കുഴലിലൂടെ ഒഴുകിയെത്തുന്ന
വെള്ളിനൂലുകളുടെ സമൃദ്ധിയിൽ
മനസിനെ തണുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്
അശനിപാതം പോലെ
പത്രവാർത്തയെത്തുന്നത്
"പൈപ്പ് പൊട്ടി
രണ്ടു ദിവസത്തേക്ക്
നഗരത്തിൽ‍ കുടിവെള്ളം മുടങ്ങും"...

അങ്ങനങ്ങനെ
ജലപ്പിശാചായി കഴിഞ്ഞിരുന്ന ഞാൻ
ജലം കിട്ടാതെ
പിശാചായി മാറിക്കൊണ്ടിരിക്കുന്നു .......


http://ormmappottukal.blogspot.com/

1 അഭിപ്രായം:

  1. ഒരു ജലധാരപോലെ ഒഴുക്കുണ്ട് ഈ കവിതയ്ക്ക് . ജലവുമായി മനുഷ്യന്റെ ബന്ധം ദാഹത്തിന്നപ്പുറം , കാഴ്ച്ചകളുടെത് കൂടിയാണ് . കവിതയുടെ ഒടുക്കം ആ ഒഴുക്കിനെ കെടുത്തിയപോലെ . ആ വരികൾ ഒന്നുകൂടെ നന്നാക്കാമായിരുന്നു ഷെമി . നല്ല ശൈലി ഉണ്ട് . എഴുത്ത് തുടരുക .- ജയചന്ദ്രൻ മൊകേരി

    മറുപടിഇല്ലാതാക്കൂ

Comments