2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

പുനര്‍ജന്മമെന്ന ഒന്നുണ്ടെങ്കില്‍
എനിക്കും
അമ്മക്കുളിരില്‍ മുഖം പൂഴ്ത്തുന്ന
വര്‍ണ്ണപ്പീലിത്തുണ്ടായി ജനിക്കണം ...

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ
സുരക്ഷിതസമൃദ്ധിയിലൊതുങ്ങണമെനിക്ക് ,
കുഞ്ഞുകൌതുകങ്ങളെ നെഞ്ചോടു ചേര്‍ത്ത് ,
വാഴക്കുടപ്പനിലെ തേന്‍ നുകര്‍ന്ന് ,
പുഴമനസ് രാകിമിനുക്കിയെടുക്കുന്ന
വെള്ളാരം കല്ലിനൊപ്പം
മുങ്ങാംകുഴിയിട്ട് ............

നിലാവ് കൈവച്ച ജമന്തിപ്പാടങ്ങളില്‍
അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
കാറ്റോടു ചേര്‍ന്ന്
പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
കോര്‍ത്തുവയ്ക്കണം ........

കര്‍പ്പൂര ഗന്ധമുള്ള കനക സന്ധ്യകളില്‍
പ്രണയിനിയുടെ മിഴിത്തിളക്കത്തിന്റെ
കരുതലില്‍
തിരമാലകളെ കേട്ടിരിക്കണം .....

ഒടുവില്‍
അതിരെഴാത്ത മോഹങ്ങളുടെയും
അവ്യക്ത ദുഖങ്ങളുടെയും
അകമ്പടിയോടെ
മണ്ണിന്‍റെ മടിയില്‍ ലയിച്ച്
വീണ്ടുമൊരു നക്ഷത്രമായി .......______

2 അഭിപ്രായങ്ങൾ:

  1. നിലാവ് കൈവച്ച ജമന്തിപ്പാടങ്ങളില്‍
    അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
    കാറ്റോടു ചേര്‍ന്ന്
    പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
    ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
    ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
    സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
    കോര്‍ത്തുവയ്ക്കണം ........ VERY NICE....

    മറുപടിഇല്ലാതാക്കൂ
  2. കാലം കഴിയവേ എല്ലാം ചാരം മൂടിയ ഓര്‍മകളായി അവശേഷിക്കും

    മറുപടിഇല്ലാതാക്കൂ

Comments