2013 ജൂൺ 12, ബുധനാഴ്‌ച

ഗുരുദക്ഷിണ

ഗുരുദക്ഷിണ

കാടിറങ്ങി വന്നൊരിക്കലൊരു
കോമളനാം കാട്ടാളചെക്കൻ
വിദ്യാമോഹമേറിയവനെത്തി -
യാചാര്യ സന്നിധിയിൽ ...
ക്രുദ്ധനായാചാര്യനോതി
നീചജാതിയിൽപ്പിറന്നവൻ നീ
വിദ്യ വേണ്ട നിനക്കെന്നു നിർദ്ദയം ..

നാട്ടു നടപ്പ് നീതിയിതെന്നോ
കാട്ടുനീതി ഇതിലെത്രയോ ഭേദം..
പിന്തിരിഞ്ഞു നടന്നവൻ പക്ഷെ
പിന്തിരിഞ്ഞില്ലവൻ തൻ മനം ..

കാടിനുള്ളിൽ കളിമണ്ണിൻ രൂപത്തിൽ
കണ്ടുപിന്നെയവൻതൻഗുരുവിനെ...
അസ്ത്രവിദ്യകൾ നേടിയെടുത്തവൻ
മറ്റൊരാളിലസൂയയേറ്റും വിധം .

കാലമേറെക്കഴിഞ്ഞൊരുവേളയിൽ
കണ്ടു മുട്ടി ഗുരുവും ശിഷ്യനും
അസ്ത്രവിദ്യയിലഗ്രഗണ്യനിവനെന്നോരറിവിൽ
തന്ത്രമൊന്നുമെനഞ്ഞാചാര്യരൂപൻ
ആരും വേണ്ടീ ഭൂമിയിൽ കേമനായ്
ആരും വേണ്ടെൻ അർജുനനെ വെല്ലാൻ ...

അന്നുമുണ്ടായിരുന്നെന്നോ ഗുരുക്കളിൽ
വന്യമാകും കുടിലതന്ത്രക്കാർ

ഞാൻ നിനക്കു ഗുരുവെങ്കിലേകുക
അമൂല്യമാകുംഗുരുദക്ഷിണനീയെനിക്കായ് .
എന്തുവേണം കൽപ്പിക്കണം ഗുരോ
കൊണ്ടു വന്നീടുമെന്തുമീകാൽക്കൽ ഞാൻ
വിദ്യ ചൊല്ലി തഴമ്പിച്ച നാവാൽ
കല്പ്പിച്ചാചാര്യൻ ലജ്ജാവിഹീനനായ്
വേണ്ട മറ്റൊന്നു മെനിക്കു നിൻ-
വലം കൈയ്യിലെ പെരുവിരലല്ലാതെ .
ലോകമൊന്നുനടുങ്ങീ പൊടുന്നനെ
പക്ഷേപേടി തീണ്ടിയില്ലവനെ തെല്ലും .
കരളറുത്തുനൽകും പോലെയാ
വിരലറുത്തവൻ നല്കി ഗുരുദക്ഷിണ
ഇന്നുമുണ്ടവൻ ലോകർക്ക് മുന്നിൽ
അചഞ്ചലമാം ഗുരുഭക്തിക്ക് സാക്ഷ്യമായ്‌
പോയി പിന്നെ തിരിഞ്ഞു നോക്കാതവൻ
പോയി കാടിൻ മടിയിലേയ്ക്കായ്.
പിന്നെയാരുമറിഞ്ഞില്ലാ വീരൻറെ
ശിഷ്ടജീവിതസഞ്ചാരഗാഥകൾ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments