2013 ജൂൺ 2, ഞായറാഴ്‌ച

ഒരു ദിനം

ഒരു ദിനം

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ..........
ഇവിടെ നിൻ‍ സ്നേഹക്കടംബിൻറെപൂവുണ്ട്
ഇരുളുന്ന രാവിനെ പ്രണയിച്ച പകലുണ്ട്
രാവ്പാടുന്ന രാപ്പാടി ചിന്തുണ്ട്
കരളിൻറെ കാമ്പ് കടഞ്ഞിട്ട വാക്കുണ്ട്
കിളിയുറങ്ങാ മഴക്കാടുമുണ്ട് .

സ്വപ്‌നങ്ങൾ മേഘ ചിറകുകളിലേറി
ചക്രവാളങ്ങൾ ‍ തേടും കാലം...
കാലം ചുരുങ്ങിപ്പോയ്നമ്മളിലേയ്ക്കന്നു
വാനമുഡുക്കളുംസാക്ഷിയായി

കത്തുന്ന സൂര്യനായ്തെളിയും നിലാവായ്
നുരയുന്ന വീഞ്ഞുമായ്നിൻ‍ പ്രണയം ...

കളം മാറിക്കളിക്കുന്ന കാലമാം മാന്ത്രികൻ
ഇരുളുന്ന ജീവിതനേർ‍ക്കാഴ്ചകളോരോന്നായ്
നിരനിരയായി നിരത്തിവയ്ക്കേ,
കൂട്ടിക്കിഴിക്കലിനൊടുവിലായന്നു നാം
വേറിട്ട യാത്രതുടങ്ങിയ വേളയി-
ലൊരു നാളൊരു സൗവർണസന്ധ്യയിൽ
നീയെന്ന പ്രണയസുധാരസമൊഴുകിപ്പോയി...
ഇനിയും പിറക്കാത്ത സ്വപ്‌നങ്ങൾ കൂട്ടി നീ
മഴവില്ലിനൊപ്പം നടന്നു പോയി .........

ബധിരകർ‍ണ്ണങ്ങളിൽസംഗീതമെന്ന പോൽ ,
വിരലില്ലാ കൈകളിൽ വീണകളെന്നപോൽ ‍ ,
തിരിയുമീ ജീവിത ചക്രംതിരിച്ചു ഞാനിവിടെയീ -
ക്കോണിലന്തിച്ചിരിക്കുന്നു....

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments